Thursday, June 10, 2010

മഴ നീന്തല്‍ മരണം

ചെറുപ്പം മുതല്‍ കടലും പുഴയും അരുവികളും മഴയും എനിക്ക് ഹരമായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി. ഇന്ന് വരെയും മഴയില്‍ കുളിക്കാത്ത ഒരു മഴക്കലമോ ഒരു ഇടവപ്പതിയോ എനിക്കില്ല. എന്റെ മനസ്സിന്റെ ചില്ലുകൂട്ടിലെ ഒരറ്റത്ത് ഞാന്‍ പിടിച്ചു വെച്ചിരിക്കുന്ന എന്റെ കാമുകിയാണ് മഴ. നീന്തല്‍ പഠിക്കണം എന്ന് ഓര്‍മ വെച്ച നാള്‍ മുതല്‍ കൊണ്ട് നടന്ന ഒരാഗ്രഹമാണ്. വീട്ടില്‍ അച്ചനും അമ്മയ്ക്കും ഭയമായിരുന്നു. അത് കൊണ്ട് തന്നെ പഠിക്കാന്‍ വിട്ടില്ല. വീടിനു അടുത്ത് 2- 3 കുളങ്ങള്‍ ഉണ്ടായിരുന്നു. 
എന്നേക്കാള്‍, എന്തിനു നാലും അഞ്ചും വയസ്സുള്ള കുട്ടികള്‍ ഒക്കെ നീന്തി തുടിക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ അസൂയ തോന്നാതിരുന്നിട്ടില്ല. ഒടുവില്‍ പ്ലസ്‌ ടു പഠിക്കുമ്പോള്‍ ആണ് അവസരം ഒത്തു വന്നത്. ഇത്തവണയും അച്ചന്‍ പ്രശ്നമാക്കിയെങ്ങിലും  കൌമാരത്തിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട്‌ ഞാന്‍ ശക്തിയുക്തം എതിര്‍ത്തു. "ആശാന്‍" എന്ന് ഞാനും എന്റെ നാട്ടിലെ  സുഹൃത്തുക്കളും വിളിക്കുന്ന  ആശാന്‍ റാഷിദ് ആണ് എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ മുന്‍കൈ എടുത്തത്‌. വിദഗ്ദനായ നീന്തല്‍ താരമാണ് ആശാന്‍. എന്നെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചതും ആശാന്‍ ആണ്. എന്റെ കഴുത്തോളം വെള്ളം ഉള്ള കുളത്തില്‍ ആണ് നീന്തല്‍ പഠിക്കാന്‍ ചെന്നത്. പക്ഷെ ഒരു ഭാഗത്ത്‌ ആഴം കുറച്ചു കൂടുതല്‍ ആയിരുന്നു. എന്തൊക്കെ ആയാലും ആശാന്‍ കുറെ കഷ്ടപ്പെട്ടു. തേങ്ങയുടെ തൊണ്ടും , പിന്നെ അമ്മേടെ പണ്ടത്തെ സാരിയും ഒക്കെ വേണ്ടി വന്നു ഒരു വിധം നേരെയാവാന്‍. നരസിംഹം ഹാങ്ങ്‌ ഓവര്‍ അപ്പോഴും ഉള്ളത് കൊണ്ട് നീന്തുന്നതിനെക്കാള്‍ കൂടുതല്‍ വെള്ളത്തിനകത്തു   കൂടുതല്‍ സമയം നിന്ന് ലാലേട്ടന്റെ  ഇന്ട്രോടക്ഷന്‍ സീന്‍ പോലെ വെള്ളം തെറിപ്പിച്ചു വരുന്നതിലായ്ര്‍ന്നു എന്റെ ശ്രദ്ധ. എന്തായാലും ഏകദേശം ഒരു മാസം വേണ്ടി വന്നു നീന്തല്‍ ഒന്ന് ശെരിക്കു പഠിക്കാന്‍. 
ആശാന്‍ ഇന്ന് നാട്ടില്‍ ഇല്ല. ജീവിതത്തിന്റെ ഓട്ടത്തിനിടയില്‍ ആശാന്‍ എപ്പോഴോ  മറുനാട്ടില്‍ എത്തിപെട്ടു . ഇന്നും ആശാന്‍ ഇല്ലാത്ത മഴക്കാലം ഒരു വേദനയാണ്. ധനം സിനിമയില്‍ ലാലേട്ടനും മുരളിയെട്ടനും ഉള്ള നീരാടല്‍ പോലെയായിരുന്നു അന്നൊക്കെ. പറഞ്ഞു വന്നത് അതല്ല. നീന്തല്‍ പഠിച്ചു എന്നാ അഹങ്ഗാരത്തില്‍ ഞാന്‍ എന്റെ സുഹൃത്ത്‌ നാദിര്‍ഷയോടു നീന്തല്‍ പഠിപ്പിക്കാം എന്നേറ്റു. മിഹിര്‍ സെന്‍ എന്നോ ഇയാന്‍ തോര്‍പ്പ് എന്നൊക്കെയായിരുന്നു എന്റെ വിചാരം....പാവം നാദു (നാദിര്‍ഷയുടെ ചുരുക്ക പേര് ) സെബാസ്റ്റ്യന്‍ സേവിയെര്‍ ആണ് ഞാന്‍ എന്ന് വിചാരിച്ചു കാണും. തോര്‍ത്തും, കെട്ടും  ഭാണ്ഡവും ഒക്കെ എടുത്തു വന്നു.  
ഈ കുളം ആളൊഴിഞ്ഞ ഒരു മൂലയ്ക്കാണ് കേട്ടോ. ചുറ്റും മരങ്ങളും കാടും ഒക്കെ പിടിച്ചു ഒച്ച വെച്ചാല്‍ പോരും ആരും കേള്‍ക്കില്ല. അങ്ങിനെ അന്ന് ആശാന്‍ സ്ഥലത്തില്ല. വേറെ എവിടെയോ പോയെക്ക്യാര്‍ന്നു. പക്ഷെ ഇയാന്‍ തോര്‍പ്പ് ഉണ്ടല്ലോ. ആത്മവിശ്വാസത്തോടെ ഞാന്‍ പറഞ്ഞു,ഡേയ്, വാ ഞാന്‍ പഠിപ്പിക്കാം . ആശാന്‍ വേണം എന്നില്ല. ഈ പോകുന്നതിനു മുന്‍പ് തന്നെ ആശാന്റെ നേതൃത്വത്തില്‍ അവന്‍ നീന്തലിന്റെ കുറച്ചു ബാല പാഠങ്ങള്‍ പഠിച്ചിരുന്നു. അങ്ങിനെ അതിന്റെയും കൂടി ആത്മ വിശ്വാസം കൊണ്ട് നമ്മള്‍ കുളത്തിലേക്ക്‌ പോയി. വേറെ പിള്ളേര് ആരും ഇല്ലയ്ര്‍ന്നു ആ സമയത്ത്. അങ്ങിനെ ആദ്യം തന്നെ കുളത്തിലിറങ്ങി ഞാന്‍ പറഞ്ഞു ഡേയ്, ഞാന്‍ ആദ്യം ഒന്ന് നീന്തി വരാം, നീ സൈഡില്‍ എങ്ങാനും ഇരിക്ക് എന്ന്. അങ്ങിനെ ഞാന്‍ അര്‍മാദിച്ചു നീന്തുമ്പോള്‍ അവനും ഒരാഗ്രഹം ഒന്ന് നീന്തിയാലോ എന്ന്. നീന്തി നീന്തി കുളം ചുറ്റുകയായിരുന്നു ഞാന്‍. മൂന്നാം തവണ കുളം ചുറ്റുമ്പോള്‍ ആണ് നാദു വെള്ളത്തിലിറങ്ങി നീന്താന്‍ തുടങ്ങുന്നത് ഞാന്‍ കണ്ടത്. നീന്തട്ടെ എന്ന് ഞാനും വിചാരിച്ചു. അങ്ങിനെ അവന്‍ എന്റെ എതിര്‍ ദിശയിലേക്കു നീന്തി വരികയായ്ര്‍ന്നു.അങ്ങിനെ വന്നു വന്നു ഞാനും അവനും ക്രോസ് ചെയ്തു.കുറെ സമയം നീന്തി ക്ഷീണിച്ചത് കൊണ്ട്  ഞാന്‍ ചെന്ന് കരയ്ക്കിരുന്നു തിരിഞ്ഞു നോക്കി.
വെള്ളത്തില്‍ മുകളിലോട്ടും താഴോട്ടും പോകുന്ന എന്റെ സുഹൃത്തിനെയാണ് അപ്പോള്‍ കാണാന്‍ പറ്റിയത്. നീന്തുമ്പോള്‍  ശക്തമായിട്ടാണ് ഞാന്‍ കൈ അടികുന്നത്. ആ ഒരു ഫോര്‍സില്‍ ക്രോസ് ചെയ്യുമ്പോള്‍ അവന്റെ ബാലന്‍സ് പോയതാണ് എന്ന് പിന്നീട് അവന്‍ പറഞ്ഞാണ് ഞാന്‍ അറിയുന്നത്. എന്തായാലും കണ്ടു നിന്ന് കാര്യമില്ല.ചുറ്റുവട്ടത്തു നോക്കിയിട്ട് ആരെയും കാണുന്നുമില്ല. രണ്ടും കല്‍പ്പിച്ചു ഞാന്‍ ഇറങ്ങി. കുളത്തിന്റെ ആഴമുള്ള കുറച്ചു ഭാഗം - അവിടെ വെച്ചാണ് ഇത് സംഭവിച്ചത്.അതല്ലെങ്ങില്‍ എനിക്ക് നടന്നു പോയി വലിച്ചെടുക്കാന്‍ മാത്രമേ ഉള്ളൂ. അങ്ങിനെ നീന്തി അവന്റെ അടുത്ത് ചെന്ന് വെള്ളത്തിനടിയില്‍ പോയി കാലു കൊണ്ട് തൊഴിച്ചു ആഴം ഇല്ലാത്ത ഭാഗത്തേക്ക് ആക്കാനായിരുന്നു എന്റെ പ്ലാന്‍. മുന്‍പ് എന്റെ ഒരു സുഹൃത്ത്‌ അങ്ങിനെ ചെയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷെ നീന്തി അവന്റെ അടുത്ത് എത്തിയതും ഏതൊരാളും ചെയുന്നത് പോലെ വെള്ളത്തില്‍ നിന്ന് ചാടി അവന്‍ എന്റെ കഴുത്തില്‍ പിടിച്ചു. ഏതൊരാളും ബേസിക് ആയി ചെയുന്ന കാര്യം ആണിത്. അങ്ങിനെ ഞാനും വെള്ളത്തിനടിയില്‍ ആയി. മരണത്തെ ആദ്യമായി മുഖാമുഖം കണ്ടത് അന്നാണ്. എന്നാലും വെള്ളത്തിനടിയില്‍ കിടന്നു ഞാന്‍ അവന്റെ പിടി വിടുവിക്കാന്‍ നോക്കുകയായിരുന്നു. നമ്മള്‍ രണ്ടു പേരും രക്ഷപ്പെടണമെങ്ങില്‍ ആ ഒരു വഴിയെ ഉള്ളൂ. കുറച്ചു സമയത്തെ അധ്വാനത്തിന് ശേഷം ഞാന്‍ കൈ വിടുവിച്ചു. അപ്പോഴേക്കും അവന്‍ തെറിച്ചു വീഴുന്നത് പോലെ ഞാന്‍ കണ്ടു. ഒന്നും വ്യക്തമല്ലയ്ര്‍ന്നു. കൈ വിടുവിച്ചു ജീവന്‍ കിട്ടിയ വെപ്രാളത്തില്‍ ഞാന്‍ കര പിടിച്ചു. അപ്പോഴേക്കും നമ്മുടെ ചങ്ങാതി അവിടെ ഇരുന്നു ശ്വാസം ആഞ്ഞു വിടുന്നു. പെട്ടെന്ന് എനിക്കൊന്നും മനസിലായില്ല. ഇവന്‍ എങ്ങിനെ കരയിലേക്ക് വന്നു. വെള്ളത്തില്‍ നിന്ന് തെറിച്ചു പോകുന്നത് ഞാന്‍ കണ്ടത് ശെരിക്കും  തെറിച്ചു പോയതാണോ? 
കരയില്‍ കേറി ശ്വാസം വിട്ടു ഇരുന്നപ്പോള്‍ ആണ് കാര്യങ്ങള്‍ മനസിലായത്. അത് വഴി പോകുകയായിരുന്ന എന്റെ സുഹൃത്ത്‌ നൂറുധീന്‍, നാദു മുങ്ങുന്നത് കണ്ടു കുളത്തിനടുത്തേക്ക്  ഓടിയെത്തിയിരുന്നു. ഞാന്‍ ഇതൊന്നും കണ്ടതെ ഇല്ല. ഞാന്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്ന സമയത്ത് നൂറു വന്നു അവനെ തട്ടി കരയിലേക്ക് മാറ്റിയിരുന്നു. കരയില്‍ എത്തിയതിനു ശേഷം നാദു എന്നെ നോക്കിയ നോട്ടം ഇന്നും എനിക്കോര്‍മയുണ്ട്. എന്തുവാടെ ഇത് എന്ന ഒരു ധ്വനിയില്‍ ഒരു നോട്ടം. 
അങ്ങിനെ മരണത്തെ മുഖാമുഖം കണ്ടു കൊണ്ട് ഞാനും എന്റെ സുഹൃത്തും ഒരു നീന്തല്‍ കാലം ആസ്വദിച്ചു. ആശാനോട് ഈ കാര്യം ഞാന്‍ പറഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഇപ്പോള്‍ ഞാന്‍ നൂറിനെ കാണാതെ കുറെ ആയി. അവന്‍ എവിടെ എന്ന് പോലും അറിയില്ല. നാദു പ്രാരാബ്ദക്കാരനായി മാറി കഴിഞ്ഞു. ആശാന്‍ അറബി നാട്ടില്‍. ഞാന്‍ വീണ്ടും ഒരു നീന്തല്‍ കാലത്തെ വരവേല്‍ക്കാന്‍ ഒരുക്കം കൂട്ടുന്നു.  

10 comments:

 1. ഒരു നടയ്ക്ക് പോകില്ല എന്ന് ഉറപ്പിച്ചു അല്ലേ.......:)

  ReplyDelete
 2. ഊഹ്!
  രണ്ടാളും രക്ഷപെട്ടല്ലോ, ഭാഗ്യം!
  കൂടുതൽ എഴുതാൻ ആശംസകൾ!

  ReplyDelete
 3. ജീവൻ തിരിച്ചുകിട്ടിയല്ലോ... ഭാഗ്യം!

  ആശംസകൾ!

  ReplyDelete
 4. ആഹാ... ഇങ്ങനെ ഒക്കെ തന്നേയാ നീന്തല്‍ പഠിക്കാ

  ReplyDelete
 5. verthe oronnu parayanda tta... enik onnum manasilaayilyaa... entha ettan udheshiche?

  ReplyDelete
 6. Nice to read. Kp it up man. -viva

  ReplyDelete
 7. കൂടുതൽ എഴുതൂ, ആശംസകൾ ......

  ReplyDelete
 8. ജീവൻ തിരിച്ചുകിട്ടിയല്ലോ... ഭാഗ്യം!

  ReplyDelete
 9. @മാറുന്ന മലയാളി - ജീവിതം തന്നെ ഒരു പോരാട്ടം അല്ലെ ?
  @ജയന്‍ ഏവൂര്‍ , @അലി, @കൃഷ്ണ കുമാര്‍ - ഹൃദയം നിറഞ്ഞ നന്ദി
  @ഹാഷിം, @അഭി - നീന്തല്‍ ഒരു ഹരം തന്നെ അല്ലെ...ഹൃദയം നിറഞ്ഞ നന്ദി

  ReplyDelete
 10. എനിക്കെത്രയേറെ ഹരമുള്ള കാര്യം വേറെ ഇല്ല....ഇപ്പോള്‍ ദിവസവും ഒരു മണിക്കൂറോളം നീന്തുന്നു.ഇഷ്ടമായി.....സസ്നേഹം

  ReplyDelete